ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാര്‍ട്ടി (എസ്‌പി).നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുമ്ബ് സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും പാര്‍ട്ടി നിയമസഭാംഗങ്ങളും പാര്‍ട്ടി ഓഫീസില്‍ നിന്ന് വിധാന്‍ സഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനം മുതല്‍ സംസ്ഥാന നിയമസഭ വരെ വന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
എസ്പിയുടെ പ്രതിഷേധം സാധാരണക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അവര്‍ക്ക് ചര്‍ച്ച ചെയ്യണമെങ്കില്‍ നിയമസഭയില്‍ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. എസ്പിക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനില്ല. ഇത്തരം പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അനുമതി വാങ്ങാതെയാണ് എസ്പി മാര്‍ച്ച് നടത്തിയതെന്നും പൊലീസ് അനുവദിച്ച റൂട്ട് സ്വീകരിക്കാന്‍ എസ്പി തയ്യാറായില്ലെന്നും ജോയിന്റ് സിപി (ക്രമസമാധാനം) പിയൂഷ് മോര്‍ദിയ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് എസ്‌പി ഓഫീസില്‍ നിന്ന് ആരംഭിച്ച് രാജ്ഭവനിലൂടെയും ജനറല്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഗാന്ധി പ്രതിമയിലൂടെയും കടന്നു വിധാന്‍ ഭവനില്‍ സമാപിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. നിയമസഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിക്കുമെന്നും എസ്പി നേതാവ് വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ സാമൂഹിക സൗഹാര്‍ദം അപകടത്തിലാണ്. ജനാധിപത്യത്തിന്‍റെ ആത്മാവിന് വിരുദ്ധമായി വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.