വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. തണ്ടർബോൾട്ടും പോലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മക്കിമലയിലെ റിസോർട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയത്. ഒന്നരമണിക്കൂറോളം റിസോർട്ടിൽ സംഘം ഉണ്ടായിരുന്നു. ഇവിടുത്തെ ജീവനക്കാരന്റെ ഫോൺ വാങ്ങിയാണ് മാധ്യമപ്രവർത്തകർക്ക് വാർത്താക്കുറിപ്പ് അയച്ചു നൽകിയത്. കമ്പമലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ വാർത്താക്കുറിപ്പ് ആണ് അയച്ചത്. അരിയും മറ്റു സാധനങ്ങളും വാങ്ങിയ മാവോയിസ്റ്റ് സംഘം തോട്ടത്തിലൂടെ പോവുകയായിരുന്നു എന്നാണ് ജീവനക്കാരൻ വെളിപ്പെടുത്തിയത്.