തൃപ്രയാര്‍: അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് മലയാളി. ഒരു ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികളെ ആലിന് മുകളിലേക്ക് കയറ്റി മോഷണം നടത്തിയത്. നാല് അതിഥി തൊഴിലാളികള്‍ക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്.
ഈ ആവശ്യം പറഞ്ഞു കൊണ്ട് അതിഥി തൊഴിലാളികളെ മലയാളിയായ ഒരാള്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചു. ക്ഷേത്രത്തിലേക്ക് ആയതുകൊണ്ട് ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രം അടക്കം അഴിപ്പിച്ചു. തോര്‍ത്ത് മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്ക് തന്ത്രപൂര്‍വം കയറ്റുകയായിരുന്നു.
ആലില പറിക്കുന്നതിനിടെ അതിഥി തൊഴിലാളികള്‍ താഴെക്ക് നോക്കിയപ്പോള്‍ ജോലിക്കെന്നു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന് മുങ്ങുന്നതായാണ് കണ്ടത്. ആലിനു മുകളില്‍ നിന്നും വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാള്‍ കടന്നുകളഞ്ഞെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വസ്ത്രങ്ങള്‍ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
വലപ്പാട് സ്റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോണ്‍ നമ്പര്‍ നല്‍കി. എന്നാല്‍, അതില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. അതിഥി തൊഴിലാളികളെ കബളിപ്പിച്ചയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.