അതുല്യകലാകാരന്‍ വിട നല്‍കി നാട്… പ്രിയപ്പെട്ട ഇന്നച്ചന്‍ യാത്രയായി..

അതുല്യനടന്‍ ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവരുടെ കാര്‍മികതയില്‍ ആണ് രാവിലെ ശുശ്രൂഷ ചടങ്ങുകള്‍ തുടങ്ങിയത്.

സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നാടക പ്രവര്‍ത്തകനും സുഹൃത്തുമായ ലാസര്‍ മാമ്പുള്ളിയുടെ കല്ലറയ്ക്കടുത്താണ് ഇന്നസെന്റിനും കല്ലറ ഒരുങ്ങിയത്. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.

മന്ത്രിമാരായ കെ.രാജന്‍, ആര്‍ ബിന്ദു, വിഎന്‍ വാസവന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാവിലെ 10 മണിക്ക് മൃതദേഹം പാര്‍പ്പിടത്തില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സെന്‍തോമസ് കത്തീഡ്രലിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ദിലീപും, കാവ്യാ മാധവനും, ടോവിനോ തോമസും, ഇടവേള ബാബുവുമടക്കമുള്ള സിനിമ ലോകത്തെ പ്രമുഖര്‍ വിലാപയാത്രയെ അനുഗമിച്ചു. പളളിയിലെ ചടങ്ങുകള്‍ക്ക് ശേഷം സെമിത്തേരിയിലേക്ക് എത്തിച്ചു. തുടര്‍ന്ന് സെമിത്തേരിയില്‍ വച്ച് പൊലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ നടന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം ഇന്നസെന്റിന്റെ വീടായ പാര്‍പ്പിടത്തില്‍ എത്തിച്ചത്. രാത്രി ഏറെ വൈകിയും അതിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്. സിനിമാതാരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി , വിജയരാഘവന്‍, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ , സലിം കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp