അന്തര്‍വാഹനിയിലെ ഓക്‌സിജന്‍ ഇന്ന് തീര്‍ന്നേക്കും? ടൈറ്റന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം; പ്രതീക്ഷ കൈവിടാതെ ലോകം

ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളുമായി പോകുമ്പോള്‍ കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ ഊര്‍ജിതം. അറ്റ്‌ലാന്റിക് സമുദ്രത്തിന് അടിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെ അന്തര്‍വാഹിനി കണ്ടെത്താനായിട്ടില്ല. അന്തര്‍വാഹിനിക്കുള്ളിലുള്ള ആളുകളുമായി ബന്ധപ്പെടാനാകുന്നില്ലയെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. അന്തര്‍വാഹനിയിലെ ഓക്‌സിജന്‍ ഇന്ന് തീരുമെന്നാണ് കരുതുന്നതെന്നും ദൗത്യ സംഘം അറിയിക്കുന്നു. ഓക്‌സിജന്‍ തീരുന്നതിന് മുന്‍പ് അഞ്ചുപേരെയും കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്.

ഒരു പൈലറ്റും മൂന്ന് സഞ്ചാരികളും സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒയുമാണ് കാണാതാകുമ്പോള്‍ കപ്പലിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് അന്തര്‍വാഹിനി കാണാതായത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും ശബ്ദം കേട്ടത് കാണാതായ അന്തര്‍വാഹിനിയില്‍ നിന്നാണോ എന്ന് വ്യക്തമല്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ജാമി ഫ്രെഡറിക് പറഞ്ഞു. റോളിംഗ് സ്റ്റോണാണ് ശബ്ദം കേട്ട വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ). ഒരു സബ്മെര്‍സിബിളില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേര്‍ട്ടുകള്‍ക്ക് ഒപ്പം മൂന്നു സഞ്ചാരികള്‍ ഒരു മുങ്ങികപ്പലില്‍ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂര്‍ സമയമാണ് വേണ്ടത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp