കോഴിക്കോട് ബാലുശേരി കരുമലയിൽ കാറപകടത്തിൽ പിഞ്ചു കുഞ്ഞടക്കം 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഈ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
‘ ഞാനാണ് വാഹനം ഓടിച്ചിരുന്നത്. മുൻപിലെ സീറ്റിൽ ഭാര്യയും ഒരു വയസുള്ള മകനുമുണ്ടായിരുന്നു. പിന്നിൽ സഹോദരിയുണ്ടായിരുന്നു. രാത്രി 10 മണിക്ക് വീട്ടിൽ നിന്ന് ബാലുശേരിയിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ മുൻപിൽ മറ്റൊരു വാഹനമുണ്ടായിരുന്നു. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ വാഹനം സൈഡ് നൽകുന്നുണ്ടായിരുന്നില്ല. പിന്നീട് നല്ലൊരു ഗ്യാപ് കിട്ടി, വളവല്ലാത്ത നേരെയുള്ള റോട്ടിലെത്തിയപ്പോൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനവുമായി പാരലലായി വന്നപ്പോഴക്കും മറ്റേ വാഹനം വലത്തേക്ക് വെട്ടിച്ചു. ആ വണ്ടി തട്ടാതിരിക്കാൻ ഞാനും വലത്തേക്ക് വെട്ടിച്ചു. അപ്പോഴാണ് വലത് ഭാഗത്ത് മറ്റൊരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. ആ വ്യക്തിയെ ഇടിക്കാതിരിക്കാൻ വണ്ടി വീണ്ടും ഇടത്തേക്ക് വെട്ടിച്ചു. സെക്കൻഡുകൾക്കുള്ളിൽ ഇരുഭാഗത്തേക്കും വെട്ടിച്ച് വണ്ടിയുടെ നിയന്ത്രണം വിട്ട് ഒരു മതിലിലിടിച്ച് മറിഞ്ഞത്. വണ്ടി തലകീഴായി മറിഞ്ഞ് കറങ്ങി നിന്ന ശേഷം ഞാൻ സീറ്റ് ബെൽറ്റ് അഴിച്ച് ഭാര്യയുടെ കൈയിൽ നിന്ന് മകനെ വാങ്ങി ഭാര്യയുടെ സീറ്റ് ബെൽറ്റ് കൂടി അഴിച്ച ശേഷം പിന്നിലെ വിൻഡോ വഴി പുറത്തേക്ക് കടന്നു’- വണ്ടിയോടിച്ച ഫസൽ പറയുന്നു.