അപകടം ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അപകടസാധ്യത തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ഊർജിതവുമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് നൽകിയ കത്തുകൾക്ക് മറുപടി നൽകാത്ത സാഹചര്യത്തിലാണ് വിമർശനം.

പേട്ട പൊലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റോപ്പിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററിക്ക് അയച്ച കത്തുകൾക്ക് എത്രയും വേഗം മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തീരുമാനം ലഭിച്ചാലുടൻ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

അപകടാവസ്ഥയിൽ നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കാൻ കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് 2020 ജനുവരി 20 ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മരം മുറിക്കുന്നതിനായി നിരവധി കത്തുകൾ സോഷ്യൽ ഫോറസ്റ്ററി വകുപ്പിന് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. 2023 ജനുവരി 25 നും കത്തയച്ചിരുന്നു. മറുപടി കിട്ടാത്തതാണ് പ്രശ്നപരിഹാരത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മരം അപകടാവസ്ഥയിലാണെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആസ്റ്റർ സ്ക്വയറിൽ മണിമേഖല സമർപ്പിച്ച പരാതിയിലാണ് നടപടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp