അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്.

ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp