അമീബിക് മസ്തിഷ്കജ്വരം; ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു ഉണ്ടാകാം; ജലസ്രോതസുകളില്‍ ജാഗ്രത വേണം

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും വിശദപഠനം വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച ഐസിഎംആര്‍  പഠനം ഇതുവരെ തുടങ്ങിയില്ല.തിരുവനന്തപുരത്ത് ഉള്‍പ്പെടെ കൂടുതൽ അമീബിക്ക് മസ്തിഷ്ക ജ്വരം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകളിൽ പൊതുവായ ജാഗ്രത വേണ്ടിവരുമെന്നാണ് ആരോഗ്യവിദ്ഗദർ മുന്നറിയിപ്പ് നൽകുന്നത്. നെല്ലിമൂടിൽ കുളത്തിലും പേരൂര്‍ക്കടയിൽ കിണറിലും നവായിക്കുളത്ത് തോട്ടിലുമാണ് രോഗാണുവിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്. എല്ലാ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടാകും.

രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം. കടുത്ത വേനലിൽ തീരെ വെള്ളം കുറഞ്ഞ അവസ്ഥയിൽ ജലസ്ത്രോതസ്സുകളുടെ അടിത്തട്ടിൽ അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടാകാമെന്നാണ് മൈക്രോ ബയോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. വെള്ളം കൂടിയപ്പോൾ കലങ്ങി ചേർന്ന് മേൽതട്ടിലേക്ക് അമീബ എത്താം. ഇതിനാല്‍ തന്നെ വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലുമൊക്കെ രോഗാണു സാന്നിധ്യം കരുതിയിരിക്കണം എന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട് മെഡിക്കൽ കോളെജിലെ ലാബിൽ പരിശോധിച്ച അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന ഒരു വകഭേദവും കണ്ടെത്തിയിരുന്നു. കുടൂതൽ വകഭേദങ്ങൾ രോഗകാരണമാകുന്നുണ്ടോ, അമീബ പെരുകിയിട്ടുണ്ടോ തുടങ്ങിയവ കാര്യങ്ങളിൽ വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്ത് തന്നെ 200ൽ താഴെ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. അതിൽ 17 കേസുകൾ കേരളത്തിൽ. ഇതുവരെ ലോകത്ത് ജീവനോടോ രക്ഷപ്പെട്ട 11 പേരിൽ രണ്ട് പേർ കേരളത്തിൽ നിന്നാണ്.

തിരുവനന്തപുരം ആദ്യം രോഗം സ്ഥിരീകരിച്ചയാൾ മരിച്ചു. എന്നാൽ, തുടർകേസുകൾ വേഗത്തിൽ കണ്ടെത്താനായതും, ചികിത്സ തുടങ്ങനായതും നേട്ടമാണ്. ​ ഐസിഎംആർ സംസ്ഥാനത്ത് പഠനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും അതിന്‍റെ വിശദാംശങ്ങൾ അറിയില്ലെന്നാണ് ബന്ധപ്പെട്ട വിഭാഗങ്ങൾ നൽകുന്ന വിവരം. ഒരാഴ്ചയ്ക്കള്ളിൽ ഐസിഎംആര്‍ സംഘം ഫീൽഡ് വിസിറ്റ് നടത്തുമെന്നാണ് നിലവിൽ ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp