‘അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണയും ഇന്ധനവും വാങ്ങണം’; യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ്

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുസരിച്ചില്ലെങ്കിൽ അമേരിക്കയിലേക്കുള്ള യൂറോപ്യൻ സാധനങ്ങളുടെ ചുങ്കം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക്‌ തയ്യാറെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്.ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

‘യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യൻ യൂണിയനോട് നമ്മളിൽ നിന്നും കൂടുതൽ എണ്ണയും ഗ്യാസും വാങ്ങാൻ പറഞ്ഞിരിക്കുകയാണ്. അല്ലെങ്കിൽ താരിഫുകൾക്ക് തയ്യാറായിരുന്നോളൂ…’എന്നാണ് ട്രംപ് കുറിച്ചത്.

നേരത്തെ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കും അതേ പോലെ തന്നെ ഉയർന്ന തീരുവ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ് രംഗത്തുവന്നിരുന്നു.ഇന്ത്യയ്ക്ക് പുറമെ‌ ബ്രസീൽ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തുന്ന നികുതികളെയും ട്രംപ് വിമർശിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp