അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അക്രമിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ സംഭവത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.