അമ്മയുടെ തലപ്പത്തേക്ക് ജഗദീഷും ഉര്‍വശിയും വരണമെന്ന ആവശ്യം ശക്തം; യുവതാരങ്ങളും നേതൃസ്ഥാനങ്ങളിലേക്ക് എത്തിയേക്കും

താര സംഘടന അമ്മയുടെ നേതൃത്വത്തിലേക്ക് ജഗദീഷും ഉര്‍വശിയും എത്തിയേക്കും. സംഘടനയുടെ സ്ഥാപക താരങ്ങളാണ് പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്.താരങ്ങള്‍ക്കെതിരായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ അമ്മ സംഘടനക്ക് പുതുജീവന്‍ നല്‍കാനാണ് മുതിര്‍ന്ന അഭിനേതാക്കളുടെ കഠിനശ്രമം. തുടക്കം മുതല്‍ സംഘടനയ്‌ക്കൊപ്പം ഉണ്ടായിരുന്നവരാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. പൊതുസമ്മതനായ ജഗദീഷിനെ പ്രസിഡന്റ് സ്ഥാനത്തേക്കും ഉര്‍വശിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും എത്തിക്കണമെന്നാണ് നിര്‍ദേശം. പ്രധാന സ്ഥാനങ്ങളിലും എക്സിക്യൂട്ടിവ് കമ്മറ്റിയിലും ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവര്‍ക്ക് പുറമേ മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും പൊതുവികാരമുണ്ട്. നേതൃസ്ഥാനത്തേക്ക് എത്തണമെന്ന് ആവശ്യം ഉര്‍വശി നിരാകരിച്ചതായാണ് വിവരം. രണ്ടുമാസത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളും സജീവമാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp