തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി നിരവധി താരങ്ങളാണ് തങ്ങൾ നേരിട്ട് ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. പലരും പല നടന്മാരുടെയും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുടെയും പേര് ഉൾപ്പെടെ വെളിപ്പെടുത്തിയാണ് തുറന്നുപറച്ചിൽ നടത്തിയത്. ഇവർക്കെതിരെ എല്ലാം തന്നെ പ്രത്യേക അന്വേഷണസംഘത്തിന് പലരും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്നവർ ഉൾപ്പെടെയാണ് ആരോപണങ്ങൾ നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ താര സംഘടനയായ അമ്മയുടെ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇപ്പോഴിതാ അമ്മയിലെ ഭരണ സമിതിയുടെ രാജിയിൽ പ്രതികരിച്ചിരിക്കുകയാണ് നടി പത്മപ്രിയ. താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് താരം പറയുന്നു. അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് പത്മപ്രിയ പറയുന്നു.
സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.
ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണം. അതിനുശേഷം സർക്കാർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂർണ പരിഹാരമല്ലെന്ന് പത്മപ്രിയ പറഞ്ഞു.തനിക്ക് മലയാള സിനിമയിൽ നിന്നുണ്ടായ ഒരു അനുഭവം പത്മപ്രിയ പങ്കുവെച്ചു- “എനിക്ക് 25 – 26 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്”.
അതേസമയം ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം.
അതേസമയം എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.