കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചത്.
‘കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മാനസിക സംഘർഷമാണ് ഷാജിയെ തളർത്തിയതെന്ന് സഹോദരൻ അനിൽകുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകൾ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുൻപ് ഷാജി പറഞ്ഞതായി സഹോദരൻ പറഞ്ഞു. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റ്മോർട്ടം. കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂർ ചൊവ്വയിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്.