അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ ബൈക്കിൽ നിന്നു വീണിരുന്നു. വീഴ്ചയിൽ തലയിൽ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്.

തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം എത്തിയിട്ടുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് വനംവകുപ്പ്. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറിയാണ് ഷണ്മുഖ ഡാം.

കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്.അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്.

ഒരു മാസക്കാലം നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാനായത്. പെരിയാർ വന്യജീവി സങ്കേതത്തിലും പൊരുത്തപ്പെടാനാകാതെ വന്നതോടെ കേരളാ തമിഴ്നാട് വനാതിർത്തികളിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പൻ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp