അറഫാ സംഗമം അവസാനിച്ചു; മിനായിലെ ജംറയില്‍ കല്ലേറ് കർമത്തിന് ഇന്ന് തുടക്കം

ഇതുവരെ ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് എന്ന തല്‍ബിയത് ചൊല്ലിയിരുന്ന തീര്‍ഥാടകര്‍ പെരുന്നാള്‍ ദിവസമായ ഇന്ന് മുതല്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കും. ഇന്നലെ പകല്‍ അറഫാ സംഗമവും രാത്രി മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തി. ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. 

ജംറയിലെ കല്ലേറ് കര്‍മം ഇന്ന് ആരംഭിച്ചു. കല്ലേറ് കര്‍മത്തിന് പുറമെ മക്കയിലെ ഹറം പള്ളിയില്‍ പോയി വിശുദ്ധ കഅബയെ പ്രദിക്ഷണം വെയ്ക്കുക, ബലി നല്കുക, മുടിയെടുക്കുക തുടങ്ങിയ കര്‍മങ്ങളെല്ലാം ഇന്ന് തന്നെ നിര്‍വഹിക്കും. സൗകര്യത്തിന് വേണ്ടി പലരും കല്ലേറ് കര്‍മം രാത്രിയിലാണ് നിര്‍വഹിക്കുക. തീര്‍ഥാടകരില്‍ പലരും ഇപ്പോള്‍ മിനായിലെ തംപുകളില്‍ വിശ്രമത്തിലാണ്.

മിനായിലെ മൂന്ന് ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് ഇന്ന് കല്ലെറിയുന്നത്. ഇന്നലെ രാത്രി മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച കല്ലുകളാണ് ചെകുത്താന്‍റെ പ്രതീകമായ ജംറയില്‍ എറിയുന്നത്. ഇന്നത്തെ കര്‍മങ്ങളോട്ട് കൂടി തീര്‍ഥാടകര്‍ ഇഹ്റാമിന്‍റെ പ്രത്യേക വസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിക്കും. അതേസമയം സൗദിയില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ പല ഭാഗത്തും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp