കൊല്ലം: പത്തനാപുരം ഏനാത്ത് റോഡിലെ ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ പ്രതിഷേധം. മിനി ഹൈവേ പാതയിൽ ജർമൻ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ
ആരോപണം. കരാർ കമ്പനിക്കെതിരെ രംഗത്തെത്തിയ ജനങ്ങൾ ചെളിയിൽ ഉരുണ്ട് പ്രതിഷേധമറിയിക്കുകയായിരുന്നു.
പട്ടാഴി വടക്കേക്കര ബദാം മുക്കിന് സമീപത്തായിരുന്നു പ്രതിഷേധം. പത്തനാപുരത്ത് നിന്നും മഞ്ചള്ളൂർ കുണ്ടയം കടുവാത്തോട് വഴി ഏനാത്ത് എത്തുന്നതാണ് നിർദ്ധിഷ്ട റോഡ്. ഒന്നര വർഷത്തിലധികമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മാണം നടത്തുന്നതും ബസ് സർവ്വീസുകൾ നിർത്തലാക്കിയതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ചളിയിൽ ഉരുണ്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.