കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും നാളത്തെ തിരച്ചിൽ. കയറും ലോഹ ഭാഗങ്ങളും കണ്ടെത്തിയ 20 മീറ്റർ ചുറ്റളവുള്ള സ്‌പോട്ട് നാവികസേന മാർക്ക് ചെയ്തിട്ടുണ്ട്. ഗോവയിൽ നിന്ന് തിങ്കളാഴ്ച്ചയോടെ ഡ്രഡ്ജർ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ മാർക്ക് ചെയ്ത ഭാഗത്തെ മണ്ണും കല്ലുകളും നീക്കം ചെയ്‌തില്ലെങ്കിൽ തിരച്ചിൽ ദുഷ്കരമാകുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു.നേവി ഇന്നലെ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി പങ്കുവച്ചു.
അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.
അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു.