അർജുനായുള്ള തെരച്ചിൽ; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത, ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

ബെം​ഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത. ഗം​ഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും. എന്നാൽ ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് വിവരം. ദൗത്യത്തിന്‍റെ പുരോഗതിയിൽ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.

ഷിരൂർ ദൗത്യത്തിൽ നിർണായകമാകുമെന്ന് കരുതിയ ഗംഗാവലി പുഴയിൽ ഇറങ്ങിയുള്ള പരിശോധനയിലും ഇന്നലെ നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തെരച്ചിൽ. ‘ഉ‍ഡുപ്പി അക്വാമാൻ’ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. പുഴയുടെ നടുഭാഗത്ത്, കഴിഞ്ഞ ദിവസം സിഗ്നൽ കിട്ടിയ നാലാം പോയിന്റിൽ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.

നിരാശനെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ ഇന്നലത്തെ തെരച്ചിൽ അവസാനിപ്പിച്ച ശേഷം പ്രതികരിച്ചത്. ഗം​ഗാവലി പുഴയിലെ  തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നുവെന്നും മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴങ്ങളിൽ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് പരിശോധനയിയില്‍ കണ്ടെത്തിയതെന്ന് വിശദീകരിച്ച അദ്ദേഹം ഇന്നും തെരച്ചിൽ തുടരുമെന്ന് ഇന്നെല അറിയിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp