അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർവാർ ജില്ലാ പൊലീസ് മേധാവി എം.നാരായണ പറഞ്ഞു. പുഴയിൽ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയിൽ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള കളിപ്പാട്ടങ്ങളും കണ്ടെത്തി.ലോറിയുടെ ക്യാബിനിൽ നിന്ന് ലഭിച്ചത് അർജുന്റെ ശരീരഭാഗങ്ങളാണെന്ന് ഉറപ്പിക്കുമ്പോഴും നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് അനിവാര്യമാണ്. ഡിഎൻഎ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനായി അർജുന്റെയും,ഷിരൂരിലുള്ള സഹോദരൻ അഭിജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.ഇന്നലെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം ഗംഗാവലി പുഴയുടെ 12 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 72-ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോഹഭാഗത്തിന്റെ സിഗ്നൽ ലഭിച്ച CP 2 പോയിന്‍റില്‍ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.

പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തുന്നതിൽ നി‌ർണായകമായത്. രാവിലെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർവാട്ടർ ക്യാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറിയെന്ന് ഉറപ്പുവരുത്തി. വീണ്ടും കൂടുതൽ മുങ്ങൽ വിദ​ഗ്ധർ ഇവിടം പരിശോധിച്ചു. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്.അതേസമയം, അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂർണ ചിലവ് കേരള സർക്കാർ വഹിക്കും. കേരളത്തിലേക്ക് അർജുന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനെ കര്‍ണാടക പൊലീസ് അനുഗമിക്കും. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവലി നദിയിലേക്കു തെറിച്ചുവീണ് ഒഴുകിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp