ഇന്ന് ലോക കവിതാദിനം. ജീവിതത്തില്‍ കവിതയുടെയും സാഹിത്യത്തിന്റേയും പ്രസക്തിയും പ്രാധാന്യവും എന്തെന്ന് തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ കവിതാദിനം ആചരിക്കുന്നത്.
വിശ്വസാഹിത്യത്തില്‍ കവികള്‍ കവിതക്ക് മനോഹരമായ നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഴമേറിയ വികാരങ്ങള്‍ അനര്‍ഗളമായി ഒഴുകിയെത്തുന്നതാണ് കവിതയെന്നാണ് വേഡ്സ് വര്‍ത്ത് കവിതയെ വിശേഷിപ്പിച്ചത്. ഹിമകണങ്ങളപ്പുല്‍ത്തട്ടിലെന്ന പോല്‍, കവിതയാത്മാവില്‍ ഇറ്റിറ്റു വീഴുന്ന് എന്ന് നെരൂദയുടെ വരികള്‍ക്ക് ചുള്ളിക്കാടിന്റെ വിവര്‍ത്തനം. ഭാഷയുടെ സൗന്ദര്യവും സത്തയും പ്രകടമാക്കുന്നവയാണ് കവിത. ദേശത്തിനും ഭാഷയ്ക്കും അതീതമായി കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന കവിതകള്‍ എല്ലാ ഭാഷകളിലും ഉണ്ട്. എഴുത്തച്ഛനും മുതല്‍ ടഗോര്‍ വരെയും ചെറുശ്ശേരിയും പൂന്താനവും മുതല്‍ ഉള്ളൂരും വള്ളത്തോളും ആശാനും , ചങ്ങമ്പുഴയും ജി ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും ഇടശ്ശേരിയും വയലാറും അയ്യപ്പണിക്കരും ഒഎന്‍വിയും സുഗതകുമാരിയും എന്നിങ്ങനെ മലയാളത്തിന്റെ കവിതാ പാരമ്പര്യം നീളുകയാണ്. വിസ്മയം പോലെ ലഭിച്ച നിമിഷത്തിനര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്ക നാം എന്ന് കടമനിട്ട. എതിരുട്ടിലും വെളിച്ചമാകുന്നു കവിത. വേനലിലെ നീരുറവപോലെ തളര്‍ച്ചയില്‍ താങ്ങാകുന്നു. കവിത മനുഷ്യര്‍ക്കും പ്രകൃതിക്കുമിടയിലെ അതിരുകള്‍ ഇല്ലാതാക്കുന്നു.