ആന്റിബയോട്ടിക്: സർക്കാർ ഇടപെടൽ ഫലം കണ്ടു; വിൽപനയിൽ കുറവ് 1000 കോടി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ ഒരു കൊല്ലം കൊണ്ട് 1000 കോടിയോളം രൂപയുടെ കുറവ്. പ്രതിവർഷം 15,000 കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നതിൽ 4500 കോടിയോളം ആന്റിബയോട്ടിക്കുകളായിരുന്നു. സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വിൽപനയിലാണ് 1000 കോടി രൂപയുടെ കുറവ് വന്നത്. 

പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നതു കണ്ടെത്തിയതിനെത്തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യ വകുപ്പ് ഒരു വർഷം മുൻപ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നതു കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് വിൽപനയിൽ 1000 കോടിയുടെ കുറവു വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. ‌ 

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കു വർഷം 800 കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട്. ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡെയറി, പോൾട്രി, മത്സ്യക്കൃഷി മേഖലകളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. 

ഗുരുതര പ്രശ്നം 

ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം (ആന്റി മൈക്രോബിയൽ റസിസ്റ്റൻസ്) എന്നു വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ മൂർച്ഛിക്കും. ഇതു ചികിത്സാച്ചെലവു വൻതോതിൽ വർധിപ്പിക്കും. ആന്റിബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 2050ഓടെ ലോകമെമ്പാടും ഒരു കോടി ആളുകൾ എഎംആർ കാരണം മരിക്കുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. 

ശ്രദ്ധിക്കേണ്ടത് 

∙ വൈറസ് ബാധകളിൽ ആന്റിബയോട്ടിക് ഫലപ്രദമല്ല. 

∙ ഡോക്ടർ നിർദേശിക്കുന്നവ മാത്രമേ ഉപയോഗിക്കാവൂ. 

∙ ചികിത്സ കഴിഞ്ഞ് ശേഷിക്കുന്നവ ഉപയോഗിക്കരുത്. 

∙ ഇവ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. 

∙ രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp