കാർഷിക വിളകൾ നടുന്നതിനും വിത്തുകൾ പാകുന്നതിനും തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 5 (മിഥുനം 7 മുതൽ മിഥുനം 21) വരെയുള്ള കാലയളവിൽ വളരെ ഉത്തമമായി കണക്കാക്കുന്നതിനാൽ, ഇതിനോടനുബന്ധിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 24, തിങ്കളാഴ്ച മില്ലുങ്കൽ ജംഗ്ഷനിൽ ഉള്ള അഗ്രോ മാർട്ട് അങ്കണത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കൃഷി ഭവനും, മില്ലുങ്കൽ ചന്തയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി മാധവൻ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത ടീച്ചർ ആദ്യ വില്പ്പനയും നിർവ്വഹിക്കുന്നു.
വിവിധ കൃഷി കൂട്ടങ്ങൾ, കുടുംബശ്രീ, കർഷക കൂട്ടായ്മകൾ ഗവ.അംഗീകൃത ഏജൻസികൾ (സസ്യ ഇക്കോ ഷോപ്പ് ഉദയംപേരൂർ, RAIDCO, KAMCO മുതലായവ) എന്നിവരുടെ നടീൽ വസ്തുക്കൾ, ഉത്പാദന ഉപാധികൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ് എന്ന് കൃഷി ഓഫീസർ അറിയിച്ചു. ഞാറ്റു വേല ചന്തയോട് അനുബന്ധിച്ച് റെയിഡ്കോ പിറവം ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വില്പനയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ SMAM പദ്ധതിയുടെ സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും സ്പ്രയറുകൾ , ബ്രഷ് കട്ടറുകൾ എന്നിവയുടെ സർവ്വീസ് ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ചെയ്യുവാൻ ആഗ്രഹിക്കുന്ന കർഷകർ ഒരു പാസ്സ് പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് , കരം അടച്ച രസീത് (പുതിയത്) എന്നിവയുടെ പകർപ്പുകളും കൊണ്ട് വരേണ്ടതാണ്. SC/ST ആണെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റും നൽകേണ്ടതാണ്.