ആമ്പല്ലൂർ: ആമ്പല്ലൂർ പഞ്ചായത്തിലെ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സംഗീത ദിനാചരണം നടന്നു. മില്ലുങ്കൽ അഗ്രോ മാർട്ടിലുള്ള ജെൻഡർ റിസോഴ്സ് സെന്റർ ഹാളിൽ നടത്തിയ ദിനാഘോഷ ചടങ്ങിന് ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷതവഹിച്ചു.
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഗാനങ്ങളോടെയാണ് ദിനാചരണ ആഘോഷം ആരംഭിച്ചത്. പരിപാടിയിൽ ജെൻഡർ റിസോഴ്സ് സെന്ററിലെ പാട്ടുക്കൂട്ടം അംഗങ്ങൾ ആയ വീട്ടമ്മമാരും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള വനിതകൾ ഗാനങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ പ്രശസ്തമായ പാട്ടുകൾ കുട്ടികൾ അവതരിപ്പിച്ചപ്പോൾ പഴയകാലത്തെ പാട്ടുകളാണ് വനിതകൾ അവതരിപ്പിച്ചത്. കുട്ടികളും പാട്ടുകൂട്ടം അംഗങ്ങളും ചേർന്ന് രണ്ടു മണിക്കൂർ നേരം സംഗീത സാന്ദ്രമാക്കി.
മില്ലുങ്കൽ അഗ്രോ മാർട്ടിലുള്ള ജെൻഡർ റിസോഴ്സ് സെന്റർ ഹാളിൽ നടത്തിയ ദിനാഘോഷ ചടങ്ങിന് ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ബിജു തോമസ് സംഗീത ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്തത് പ്രശസ്ത പാട്ടുകാരി കലാമണ്ഡലം സുനിതയായിരുന്നു. മുഖ്യാതിഥി വിവിധങ്ങളായ രാഗങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളും ഉദാഹരണസഹിതം വിവരിച്ചു. നമ്മുടെ ജീവിതത്തിൽ സംഗീതത്തിനുണ്ടാക്കാൻ കഴിയുന്ന നന്മകളെക്കുറിച്ചും വിശദീകരിച്ചു. മനോഹരമായ ഒരു കീർത്തനവും ഒരു സിനിമാഗാനവും പിന്നീട് പാടി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ സ്വാഗതവും ജെൻഡർ കോ-ഓർഡിനേറ്റർ സവിത സാജു നന്ദിയും പറഞ്ഞു. മെമ്പർമാരായ ബീനാമുകുന്ദൻ,ഫാരിസ് മുജീബ്,ജെസ്സി ജോയ്,അ സീന ഷാമൽ, കുടുംബശ്രീ ചെയർപേഴ്സൺ കർണ്ണകി രാഘവൻ, വൈസ് ചെയർപേഴ്സൺ സരിത മനോജ്, ഐസിഡിഎസ് സൂപ്പർവൈസർ ഡോ. പൂർണിമ കെ ദാസ്, കൃഷി ഓഫീസർ ശ്രീബാല അജിത്, കില ഫാക്കൽറ്റി കെ എ മുകുന്ദൻ കുടുംബശ്രീ ജെൻഡർ റിസോഴ്സ് പേഴ്സൺ രജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.