ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്മളമായ യാത്രയയപ്പ് നൽകിയിരുന്നു. മാസ്കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നൽകിയത്.വിമാനത്താവളത്തിൽ സദാശിവത്തെ
യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു.അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്. മറ്റന്നാള്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത് കണക്കിലെടുത്താണ് നാളെ യാത്രയയപ്പ് ക്രമീകരിച്ചത്. ഇന്ന് വൈകീട്ട് 4.30 ന് യാത്രയയപ്പ് നല്‍കാനായിരുന്നു തീരുമാനം.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണ് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും, രണ്ടിന് ചുമതലയേല്‍ക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി 5 വര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp