‘ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം’; ബാര്‍ കോഴ ആരോപണം നിഷേധിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യുഡിഎഫിന്‍റെ സമയത്തെ ആവര്‍ത്തനമല്ല എല്‍ഡിഎഫിന്‍റേത്.

സമ്പന്നരുടെ താല്‍പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. 22 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി വര്‍ധിപ്പിച്ചു. മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറയുകയാണ് ചെയ്യുന്നത്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. എക്സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

മഴക്കെടുതി നേരിടുന്നതിനുള്ള യോഗം വിളിച്ചു ചേര്‍ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പ്രധാന പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുകയും ജനകീയ പ്രശ്നങ്ങൾ തടയുകയും ചെയ്യുകയാണ്. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ശൈലജക്കെതിരെ അശ്ലീല പ്രചാരവേല സംഘടിപ്പിക്കാൻ ഒരു ടീം പ്രവർത്തിച്ചു. യുഡിഎഫുകാരാണ് അറസ്റ്റിലായത്. തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷവും പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണം. വടകരയിൽ ഒരു വിധ പ്രശ്നങ്ങളും ഉണ്ടാകരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp