ആറന്മുള ഉതൃട്ടാതി ജലോത്സവം ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉ​ച്ച​യ്‌ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ ​ജ​ലോ​ത്സ​വത്തിന് തുടക്കമാകും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവത്തിന്റ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ജലോത്സവത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ എല്ലാ പൂർത്തിയായി.

രാവിലെ 9.30 ന്‌ ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കളക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ പരിപാടികൾക്ക് തുടക്കമാകും. 51 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. മത്സര വള്ളംകളിയിൽ എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങൾ പങ്കെടുക്കും.

എ ബാച്ചിൽ 9 ഹീറ്റ്സുകളിൽ 32 പള്ളിയോടങ്ങളും ബി ബാച്ചിൽ 4 ഹീറ്റ്സുകളിലായി 16 പള്ളിയോടങ്ങളും പങ്കെടുക്കും. ആറന്മുളയുടെ തനത് ശൈലിയിൽ വഞ്ചിപ്പാട്ട് പാടി ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് വിജയിയായി പ്രഖ്യാപിക്കുക. തിരുവിതാംകൂർ ദേവസ്വ ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപനാണ് മത്സര വള്ളംകളിയുടെ ഉദ്‌ഘാടകൻ.

വെള്ളക്കുറവ് മൂലം വള്ളംകളി ഉപേക്ഷിക്കപ്പെടുമെന്നു കരുതിയെങ്കിലും ഇന്നലെ പെയ്ത ശക്തമായ മഴയിൽ പമ്പയിലെ ജലനിരപ്പുയർന്നത് ആശ്വാസമായി. മന്ത്രി പി പ്രസാദ്, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, ദേവനന്ദ, വിവിധ രാഷ്ടീയ സാമുദായ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp