ആറ് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേര്‍; ജാഗ്രത കൈവിടരുതെന്ന് സൂചിപ്പിച്ച് കണക്കുകള്‍

സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനികളും വര്‍ധിക്കുന്നതോടെ ആശങ്കയൊഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്. ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകര്‍ച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ പനിമരണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 75 പേരാണ്. ഇതില്‍ 29 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയുടെ കാര്യത്തില്‍ ആകെ മരണം 44. അന്തിമ ഫലം പുറത്തുവരാനുള്ളത് 33 പേരുടേതാണ്. 23 എച്ച്.വണ്‍.എന്‍.വണ്‍ മരണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ 9 എണ്ണം ഫലം വരാനുണ്ട്. ഇതിന് പുറമെ മലമ്പനി, ചെള്ള്പനി, ഇന്‍ഫഌവന്‍സ, സിക്ക എന്നിവയും സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്.

ഈ മാസം മാത്രം 1660 പേരെ ഡെങ്കിപ്പനിയും 142 പേരെ എലിപ്പനിയും തളര്‍ത്തി. ജൂണില്‍ മാത്രം കേസുകള്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിന രോഗികള്‍ തുടര്‍ച്ചയായി 12000 ന് മുകളില്‍. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മരണ നിരക്ക് ഉയര്‍ന്ന അവസ്ഥയാണ്. ഡെങ്കി പനിയും എലിപ്പനിയും തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.

കുട്ടികളിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും രോഗബാധ കടുത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തുടക്കം മുതല്‍ കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം. ആശങ്ക ഒഴിവാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp