ആലപ്പുഴ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിൻ്റെ മൊഴി. പെൺകുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്ന് യുവതിയുടെ മൊഴി. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു.രാജസ്ഥാനിൽ പഠിക്കുമ്പോൾ ആണ് യുവാവുമായി യുവതി അടുക്കുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴും ബന്ധം തുടർന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് യുവതിക്കെതിരായ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ ആലപ്പുഴയിലെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചിരുന്നതായി യുവതി മൊഴി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് യുവതിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയത്.ഇതോടെയാണ് കാമുകന് കുട്ടിയെ കൈമാറിയതായി യുവതി മൊഴി നൽകിയത്. കേസിൽ നിലവിൽ രണ്ട് പേർ കസ്റ്റഡിയിലാണെന്നും പെൺകുട്ടി നിരീക്ഷണത്തിലാണെന്നും എസ്പി ഛൈത്ര തെരേസ ജോൺ വ്യക്തമാക്കിയിരുന്നു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതായി വിവരം പുറത്ത് വന്നത്.