ആലപ്പുഴ നെടുമുടി വൈശ്യംഭാഗത്ത് ഹോംസ്റ്റേയിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയനാസ് എന്ന ഹോംസ്റ്റേയിലെ ജീവനക്കാരി ആസം സ്വദേശിനി ഹസീറ കൗദുമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ മുതൽ ഹസീറയേ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ഹോംസ്റ്റേക്ക് പിന്നിൽ ഹസീറ താമസിക്കുന്ന ഷെഡിന് സമീപത്തെ വാട്ടർടാങ്കിനടുത്ത് മൃതദേഹം കണ്ടത്. കഴുത്തിൽ പർദ്ദയുടെ ഷാൾ മുറുകിയ നിലയിലായിരുന്നു മൃതദേഹം.ഇരുകാതുകളിലെയും കമ്മൽ കാണാനില്ല.ഒരു കാതിലെ കമ്മൽ പറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കൊല പാതകമാണെന്ന സംശയത്തിലാണ് പൊലീസ്. നാല് മാസമായി ഹോംസ്റ്റേയിൽ ജോലി ചെയ്തു വരികയാണ് ഹസീറ. എല്ലാവർക്കും ഇവരെപ്പറ്റി നല്ല
അഭിപ്രായമായിരുന്നുവെന്നു ഹോംസ്റ്റേ ഉടമ വേണുഗോപാലൻ നായർ.
ഇന്നലെ രാത്രി 11 മണിക്കാണ് ഹസീറയേ അവസാനമായി കണ്ടത്. ഭക്ഷണം കഴിച്ച ശേഷം താമസിക്കുന്ന മുറിയിലേക്ക് പോയതായിരുന്നുവെന്ന് ഹോം സ്റ്റേ ഉടമയുടെ മരുമകൾ
മൃതദേഹത്തിനടുത്ത് യാത്രക്ക് പോകുന്നതരത്തിൽ പാക്ക് ചെയ്ത ബാഗും ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. സാധാരണ പർദ്ദ ധരിക്കാത്ത ഹസീറ പർദ്ദ ധരിച്ച് കാണപ്പെട്ടതിനാൽ യാത്രക്കിറങ്ങിയതാണെന്ന് സംശയമുണ്ട്. ഇന്നലെ ശമ്പളം നൽകിയപ്പോൾ യാത്ര പോകുന്ന വിവരം ഉടമസ്ഥരെ അറിയിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവി ചരിത്ര ജോണ് തന്നെ നേരിട്ട് സ്ഥലത്തെത്തിയായിരുന്നു അന്വേഷണത്തിനു നേതൃത്വം നൽകിയത്. ഭർത്താവ് മകൻ എന്ന് പരിചയപ്പെടുത്തി രണ്ട് പേർ ഹസീറയെ കാണാൻ വരാറുണ്ട്. ഇവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. പമ്പയാറിനും നെൽപ്പാടത്തിന് നടുക്കുള്ള തുരുത്തിലാണ് ഹോംസ്റ്റേ. ഇവിടങ്ങളിൽ സിസിടിവി ഇല്ലാത്തതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്.