ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സംസ്കരിക്കാൻ കഴിയാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വർധിക്കുന്നു. മോർച്ചറിയിലുള്ള 16 ഫ്രീസറുകളിൽ 12 എണ്ണത്തിലുമുള്ളത് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി സൂക്ഷിക്കുന്ന മൃതദേഹങ്ങളാണ്. ഇവയിൽ കൂടുതലായും ആശുപത്രിയിൽ കൂട്ടിരുപ്പുകാർ ഇല്ലാതെ മരിച്ചവരുടെ മൃതശരീരങ്ങളാണ്. പോലീസ് ക്ലിയറൻസ് ലഭിക്കാതെ സംസ്കരിക്കാൻ സാധിക്കാത്ത മൃതദേഹങ്ങളും ഇവയിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്തതിന് മറ്റൊരു തടസമായി നിൽക്കുന്നു. ഒരു മൃതദേഹം സംസ്കരിക്കണമെങ്കിൽ കുറഞ്ഞത് 8000 രൂപയെങ്കിലും ചിലവാകും എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.