കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നിയമപോരാട്ടങ്ങളുടെ കൂടി പേരാണ് വി.എസ് അച്യുതാനന്ദൻ. ഇടമലയാർ കേസ് മുതൽ സോളാർ കേസ് വരെ നടത്തിയ നിയമയുദ്ധങ്ങൾ നീളുന്നു. വി.എസിന്റെ പ്രതിച്ഛായ വാനോളമുയർത്തി ആ പോരാട്ടത്തിന്റെ പ്രതീക്ഷയിൽ വി.എസിനു വേണ്ടി ജനം തെരുവിലിറങ്ങിയതും കേരളം കണ്ടതാണ്.
‘ദി ക്രൗഡ് പുള്ളർ’ ഈ വിശേഷണത്തോളം വി.എസിനു യോജിക്കുന്ന മറ്റൊന്ന് കൂടിയുണ്ട് ‘ദി ലീഗൽ വാരിയർ’. നിയമം കൊണ്ട് യുദ്ധം ചെയ്ത പോരാളി. വി.എസിന്റെ നിയമപോരാട്ടങ്ങളുടെ തീചൂട് പല നേതാക്കളെയും പൊള്ളിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവ് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഇടമലയാർ കേസ്. ആർ.ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
ആ നിയമപോരാട്ടത്തിന് വി.എസ് മാറ്റി വെച്ചത് ഇരുപത് വർഷമാണ്. ഇടമലയാർ കേസിൽ സുപ്രീം കോടതി വിധി വരുന്നത് 2011ലെ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്. അതോടെ അത് വരെയുണ്ടായിരുന്ന വി എസിന്റെ പ്രതിച്ഛായ ഇരട്ടിയായി. വി.എസിനെ സൂപ്പർ ഹീറോ ആയി ജനങ്ങൾ നെഞ്ചേറ്റി. വീണ്ടും മത്സരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചപ്പോൾ ജനം തെരുവിലിറങ്ങിയത് വി.എസിനോടുള്ള പ്രതീക്ഷ കൊണ്ടായിരുന്നു
വി.എസിന്റെ നിയമയുദ്ധങ്ങൾ കേവലം രാഷ്ട്രീയ വൈര്യത്തിന്റെ പേരിലായിരുന്നില്ല. ഐസ്ക്രീം പാർലർ കേസ് അതിനുദാഹരണമാണ്. അട്ടിമറി ആരോപിച്ചു ഹൈക്കോടതിയിൽ വി.എസ് പോരാടി.ഒടുവിൽ ഇടതു സർക്കാരിനെതിരെ തന്നെ വാളെടുത്തു.സ്ത്രീസമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമെന്നു വി.എസ് ആവർത്തിച്ചു പറഞ്ഞു. അഴിമതിയല്ലേൽ കൊള്ളരുതായ്മ നടന്നിട്ടുണ്ടേൽ അതിന് പരിഹാരം നിയമപരമായി നേടാൻ കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടെന്ന് മകൻ അരുൺ പറഞ്ഞു.
കഴിഞ്ഞില്ല. ബാർ കോഴ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകി.അതും പ്രായം അവശതയുണ്ടാക്കിയ തൊണ്ണൂറുകളിൽ. അഴിമതിയോടുള്ള സന്ധിയില്ലാത്ത പോരാട്ടം സോളാർ കേസിലും കേരളം കണ്ടു.അങ്ങനെ നിയമപോരാട്ടങ്ങളിൽ ആരോപണങ്ങളും വിമർശനങ്ങളും കേട്ടപ്പോഴും നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം വി.എസ് അചഞ്ചലനായി തുടർന്നു.ഒരേയൊരു പ്രതീക്ഷയായി.