*ഇടുക്കിയില്‍ ശാന്തന്‍പാറ കള്ളിപ്പാറയിൽ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു*

ഇടുക്കിയില്‍ അപ്രതീക്ഷിതമായി വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു.ഒരു മാസം നീണ്ടുനിന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ശാന്തന്‍പാറ കള്ളിപ്പാറയിലേക്ക് എത്തിയത്.കുറിഞ്ഞിപ്പൂക്കള്‍ വാടിയതറിയാതെ കള്ളിപ്പാറയിലേക്ക് ഇപ്പോഴും എത്തുന്നത് നൂറുകണക്കിന് ആളുകളാണ്.

ഒക്ടോബര്‍ ആദ്യം മുതലാണ് കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തത്. ഏഴാം തീയതി മുതല്‍ സന്ദര്‍ശകരും മല കയറി തുടങ്ങി. 22 ദിവസം കൊണ്ട് 15 ലക്ഷം ആളുകള്‍ എത്തിയെന്നാണ് ഏകദേശം കണക്ക്.ശാന്തന്‍പാറ പഞ്ചായത്ത്, പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയതിന് ശേഷം 12 ലക്ഷം രൂപ വരുമാനം ലഭിച്ചു. നിലവില്‍ കള്ളിപ്പാറയില്‍ കുറിഞ്ഞിപ്പൂക്കള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്. അപൂര്‍വ്വം പൂക്കള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ഇതറിയാതെ നൂറുകണക്കിന് ആളുകളാണ് പ്രതീക്ഷയോടെ ഇപ്പോഴും കള്ളിപ്പാറയിലേക്ക് എത്തുന്നത്.നിലവിലുള്ള പൂക്കള്‍ രണ്ടോ മൂന്നോ ദിവസ്സം കൂടി ഉണ്ടാകും. കഴിഞ്ഞ നാല് വര്‍ഷമായി ശാന്തന്‍പാറ പഞ്ചായത്തിന്റെ വിവിധ മലനിരകളില്‍ മുടങ്ങാതെ നീലകുറിഞ്ഞികള്‍ പൂവിടുന്നുണ്ട്.അതുകൊണ്ട് തന്നെ വരും വര്‍ഷത്തിലും ഏതെങ്കിലുമൊരു മലനിരയില്‍ നീലക്കുറിഞ്ഞി വസന്തമുണ്ടാകുമെന്ന പ്രതീക്ഷയാണ് നിരാശരായി മടങ്ങുന്നവര്‍ക്കുള്ളത്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp