മലയാള സിനിമയുടെ ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
വിയോഗത്തില്‍ കണ്ണുനിറഞ്ഞുകൊണ്ടല്ല, സ്‌നേഹത്തിന്റെ മധുരോര്‍മകള്‍ നെഞ്ചിലേറ്റിയാണ് മാമുക്കോയയ്ക്ക് കോഴിക്കോട്ടുകാര്‍ യാത്രയയ്പ്പ് നല്‍കിയത്. ഒരുമിച്ച് പഠിച്ചവരും നാട്ടുകാരും സ്‌നേഹിതരും അങ്ങനെ ഒരായിരം കൂട്ടം മാമുക്കോയയെന്ന മനുഷ്യനെ അവസാനമായി ഒരുനോക്കുകാണാന്‍ ബേപ്പൂരിലേക്കും അരക്കിണറിലേക്കും എത്തിയത്.
ഇന്നലെ ഉച്ചയോടെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ വിയോഗം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.
1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ മാമുക്കോയ തിളങ്ങി.