തിരുവനന്തപുരം: സ്കൂൾ – കോളേജ് വിനോദയാത്രകൾക്ക് കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക്. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾ വരെ വിനോദ യാത്രയ്ക്ക് ലഭ്യമാക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ബസുകളുടെ നിരക്കും പ്രഖ്യാപിച്ചു.
മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും.
മിനി ബസിന് നാല് മണിക്കൂറിന് 8,800 രൂപയും പതിനാറ് മണിക്കൂറിന് 20,000 രൂപയുമാണ് നിരക്ക്. ഓർഡിനറിക്ക് നാല് മണിക്കൂറിന് 9,250 രൂപ നൽകണം. 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്.
ഫാസ്റ്റിന് നാല് മണിക്കൂറിന് 9,500 രൂപയും പതിനാറ് മണിക്കൂറിന് 23,000 രൂപയുമാണ് ഈടാക്കുക. സൂപ്പർ ഫാസ്റ്റ് ബസിന് നാല് മണിക്കൂറിന് 9,900 രൂപയും 16 മണിക്കൂറിന് 25,000 രൂപയുമാണ്. സൂപ്പര്‍ എക്‌സ്പ്രസിന് നാലുമണിക്കൂറിന് 10,250 രൂപയും 16 മണിക്കൂറിന് 26,000 രൂപയും നല്‍കണം.
എ.സി ലോ ഫ്ലോർ ബസിന് നാല് മണിക്കൂറിന് 11,000 രൂപയും പതിനാറ് മണിക്കൂറിന് 28,000 രൂപയും വോൾവോ ബസിന് നാല് മണിക്കൂറിന് 15,000 രൂപയും 16 മണിക്കൂറിന് 35,000 രൂപയും നൽകണം. നാലുമണിക്കൂര്‍ (75 കിലോമീറ്റര്‍), എട്ടുമണിക്കൂര്‍ (150 കിലോമീറ്റര്‍), 12 മണിക്കൂര്‍ (200 കിലോമീറ്റര്‍), 16 മണിക്കൂര്‍ (300 കിലോമീറ്റര്‍) വീതം ബസുകള്‍ ഓടും.