ഇന്ത്യയിലെ ആദ്യ ഡെങ്കിപ്പനി വാക്സിന്‍: ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎൽ) അനുമതി ലഭിച്ചു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ വാക്സിന്‍ വികസിപ്പിച്ചത്.

യുഎസില്‍ കുറച്ച് വര്‍ഷങ്ങളായി ഡെങ്കിപ്പനി വാക്സിന്‍ ലഭ്യമാണ്. എന്നാല്‍ ഈ വാക്സിന്‍ ഇന്ത്യയിലെ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്ന ഡെങ്കി വൈറസിന്‍റെ നാല് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണോ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അതേസമയം, പനേഷ്യ ബയോടെക് ലിമിറ്റഡും സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വികസിപ്പിച്ച ഡെങ്കു വാക്സിനുകള്‍ക്കും ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു.

നാഷനല്‍ സെന്‍റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണക്കനുസരിച്ച് ഓഗസ്റ്റ് 12 വരെ ഇന്ത്യയിലെ ഡെങ്കിപ്പനി കേസുകള്‍ 30,627ല്‍ എത്തി. ഓരോ വര്‍ഷം കഴിയും തോറും ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകർ. ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാല് വിധമുണ്ട്. ഒരു സീറോ ടൈപ്പ് കാരണം ഒരിക്കൽ ഡെങ്കി പനി ബാധിച്ചാൽ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോൾ തീവ്രതയേറിയ ഡെങ്കി ആവാൻ സാധ്യതയുണ്ട്. ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp