ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് അഭ്യൂഹങ്ങളും പരന്നിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp