ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് വിവരം.
മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിലാണ് ടീം അംഗങ്ങൾ വിക്ടറി മാര്‍ച്ച് നടത്തിയത്. സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു.
വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു.