ഇന്ന് വേൾഡ് ഓറൽ ഹെൽത്ത് ദിനം. നമ്മുടെ പല്ലുകളുടേയും മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ മറ്റയവങ്ങളുടേയും ആരോഗ്യസംരക്ഷണമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ശ്വസിക്കുമ്പോൾ, മറ്റൊരാളോട് സംസാരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ അങ്ങനെ നിത്യജീവിതത്തിൽ നമുക്ക് വേണ്ട പലകാര്യങ്ങൾക്കും പല്ലുകളുടെ ആരോഗ്യവും ശുചിത്വവും പ്രധാനമാണ്.
പലപ്പോഴും നമ്മൾ ദന്തസംരക്ഷണം അവഗണിക്കുകയോ വീഴ്ചവരുത്തുകയോ ചെയ്യുന്നതായി കാണാം. ഇവിടെയാണ് ഓറൽ ഹെൽത്ത് ഡേയുടെ പ്രാധാന്യം. ഓരോ വർഷവും ഓരോ പ്രമേയമാണ്. പല്ലുകളുടെ സംരക്ഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തത് പല്ലിനും മോണകൾക്കും കേടുവരുത്തും.
ഇക്കാര്യത്തിൽ കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആരോഗ്യവിദഗ്ധരുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പല്ലുകളുടെ സംരക്ഷണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള ബോധവൽക്കരണപരിപാടികൾ ഈ ദിനത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
ശരീരത്തിലെ മറ്റു അവയവങ്ങളെ സംരക്ഷിക്കേണ്ടത് പോലെ തന്നെ പല്ലുകളെയും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മളിൽ മിക്കവരും പല്ലുവേദന കഠിനമാകുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. ഇത് പല്ലുകളുടെ എന്നന്നേക്കുമായുള്ള നാശത്തിന് കാരണമാകും. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാം സാധിക്കും.
മാത്രവുമല്ല പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ പല്ല് ദിവസവും ബ്രഷ് ചെയ്യുന്ന കാര്യവും. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ രാവിലെയും രാത്രിയും പല്ല് ബ്രഷ് ചെയ്യണം. രണ്ട് നേരവും പല്ല് ബ്രഷ് ചെയ്യാതിരുന്നാൽ പല്ല് പൊട്ടാനും മറ്റ് അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.