ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി

ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാന്റെ ഏത് ഭീഷണിയും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. ഇറാൻ വിട്ടുപോകണമെന്ന് ജർമനി, റഷ്യ ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി. മേഖലയിൽ യാത്ര ചെയ്യുന്ന പൗരർക്ക് ഇന്ത്യയും ജാഗ്രതാ നിർദേശം നൽകി.

ഈ മാസമാദ്യം ഡമാസ്‌കസിലെ ഇറാന്‍ എംബസി ബോംബാക്രമണത്തില്‍ തകര്‍ക്കുകയും ഏഴ് ഉന്നത ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തതിന് ശിക്ഷ നല്‍കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പറഞ്ഞിരുന്നു. തിരിച്ചടിക്കുമെന്നും സമയം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇറാന്റെ മുന്നറിയിപ്പില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ ഇസ്രയേലിന്റെ ആക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ മുന്നോട്ട് പോവരുതെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയാണ് അമേരിക്ക. ഇസ്രായേലിനെ സംരക്ഷിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇറാന് വിജയിക്കാനാകില്ലെന്നും പറഞ്ഞു. 100ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെട്ട വന്‍ ആക്രമണമാണ് ഇറാന്‍ നടത്താനിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര പാടില്ലെന്ന് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. നിലവില്‍ ഈ രണ്ട് രാജ്യങ്ങളിലും താമസിക്കുന്നവര്‍ അതത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp