ഈ വർഷം 200 ലധികം കുട്ടികളെ ബാലവേലയിൽ നിന്നും രക്ഷിച്ചതായി ഡൽഹി സർക്കാർ

രാജ്യ തലസ്ഥാനത്ത് ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വർഷം രക്ഷപ്പെടുത്തിയതായി ഡൽഹി സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എൻജിഒ നൽകിയ 183 പരാതികളിൽ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.

ഫാക്ടറികളിൽ ജോലി ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി ‘ബച്പൻ ബച്ചാവോ ആന്ദോളൻ’ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സച്ചിൻ ദത്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2019 ഡിസംബർ 8 ന് നഗരത്തിലെ സദർ ബസാറിലെ ഒരു കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടാവുകയും, 12 നും 18 നും ഇടയിൽ പ്രായമുള്ള 12 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിക്കാനിടയായ സംഭവത്തിന്റെ വെളിച്ചത്തിലാണ് ഹർജി സമർപ്പിച്ചത്.

ഓരോ ജില്ലയിലും കമ്മിറ്റികൾ രൂപീകരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം, 200 ലധികം കുട്ടികളെ സർക്കാർ രക്ഷപ്പെടുത്തിയതായി അഭിഭാഷക പ്രഭ്സഹായ് കൗർ കോടതിയെ അറിയിച്ചു. റെയ്ഡ് പ്രവർത്തനങ്ങൾ തുടരുകയാണെന്നും എൻജിഒ നൽകിയ 183 പരാതികളിൽ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും കൗർ പറഞ്ഞു.

നേരത്തെ ഇത്തരം യൂണിറ്റുകളിൽ ജോലി ചെയ്യുന്ന കുട്ടികളെ രക്ഷപ്പെടുത്തണമെന്നും 2019 സെപ്റ്റംബർ 20ന് കോടതി നൽകിയ നിർദേശങ്ങൾ പാലിക്കണമെന്നും ജനുവരിയിൽ ബെഞ്ച് പറഞ്ഞിരുന്നു. സ്‌കൂളിൽ പഠിക്കേണ്ട കുട്ടികൾ വൃത്തിഹീനവും വാസയോഗ്യമല്ലാത്തതും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണെന്ന് വിഷയത്തെ കർശനമായി വീക്ഷിച്ച കോടതി അന്ന് പറഞ്ഞിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp