തൃത്താല: കടയുടമ നിസ്കരിക്കാൻ പോയ തക്കത്തിന് പച്ചക്കറി കടയിൽ മോഷണം. തൃത്താല കൂറ്റനാട് റോഡിലെ പി കെ വെജിറ്റബിൾസ് എന്ന പച്ചക്കറി കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച കടയുടമ പള്ളിയിൽ നമസ്കരിക്കാൻ പോയ തക്കം നോക്കി ഉച്ചക്ക് 1 മണിക്കും 2 മണിക്കും ഇടയിലാണ് കടയിൽ കള്ളൻ കയറിയത്. പണം സൂക്ഷിക്കുന്ന മേശ വലിപ്പിലുണ്ടായിരുന്ന 2000 രൂപ മോഷണ പോയതായി ഉടമ വിശദമാക്കുന്നത്.ടീഷർട്ട് കടിച്ച് പിടിച്ച് മുഖം മറച്ച് പണമെടുത്ത് മറ്റെന്തോ തിരയാൻ നോക്കുന്നതിനിടയിലാണ് യുവാവിന്റെ കണ്ണിൽ സിസിടിവി പെടുന്നത്. സിസിടിവി പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യമായതിന് പിന്നാലെ ടീ ഷർട്ടുകൊണ്ട് മുഖം മറച്ച യുവാവ് പണമെടുത്ത് മുങ്ങുകയായിരുന്നു. പണം വയ്ക്കുന്ന ടേബിൾ അരിച്ച് പെറുക്കിയാണ് യുവാവ് പണം അടിച്ച് മാറ്റിയത്.