ത്തരകാശി തുരങ്ക അപകടത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ തുരങ്കത്തിന് അകത്തുകൂടിയും മുകളിൽ നിന്നുമുള്ള ഡ്രില്ലിംഗ് ഉടൻ ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മരുന്ന്, ഭക്ഷണം, മൊബൈൽ ഫോണുകൾ, ചാർജറുകൾ എന്നിവയുൾപ്പെടെയുള്ളവ എത്തിക്കുന്നതിനുള്ള പൈപ്പ് ടണലിലൂടെ സ്ഥാപിക്കാൻ കഴിഞ്ഞത് ദൗത്യസംഘത്തിന് പ്രതീക്ഷ നൽകിയിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് തൊഴിലാളികളെ നിരീക്ഷിക്കാൻ സംഘത്തിന് കഴിഞ്ഞു.
അതിനിടെ, തുരങ്ക അപകടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ രംഗത്തെത്തി. അശാസ്ത്രീയമായ ടണൽ നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. അനുഭവസമ്പത്ത് ഇല്ലാത്ത കമ്പനിക്കാണ് നിർമാണ കരാർ നൽകിയത്. പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യത്തിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കൃത്യമായ പദ്ധതി പോലുമില്ല. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് തുരങ്ക നിർമ്മാണം. അപകടത്തിൽ കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.