‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടേ, ഇനി കരഞ്ഞിട്ട് കാര്യമില്ലല്ലോ, ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടു’; താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയ നടി

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് വളരെ തുറന്ന് അവരോട് സംസാരിക്കാന്‍ സാധിച്ചെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിയുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടെന്നും ചെയ്ത തെറ്റുകള്‍ക്ക് ആര്‍ക്കെതിരെയും കേസെടുക്കാനാകുമെന്ന് തെളിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.താന്‍ ഉന്നയിച്ച പരാതികള്‍ കേരള സമൂഹത്തിനാകെ ഒരു പാഠമാണെന്ന് നടി പറയുന്നു. സ്ത്രീകളോട് നന്നായി പെരുമാറണമെന്ന് തങ്ങളുടെ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ കേസുകള്‍. സ്ത്രീകളെ തുല്യരായി കാണണമെന്ന് ഭാവി തലമുറ മനസിലാക്കട്ടെ. അതിക്രമത്തെ അതിജീവിച്ച സ്ത്രീകള്‍ പരാതികളുമായി ധൈര്യമായി മുന്നോട്ടുവരണമെന്നും സര്‍ക്കാരും നിയമവും നമ്മുക്കൊപ്പമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ആരോപണവിധേയരുടെ ഭാര്യമാര്‍ ഇനി കരഞ്ഞിട്ട് കാര്യമില്ല. ഭര്‍ത്താവിനെ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ വൃത്തികേട് കാണിക്കും. ഉപ്പു തിന്നവര്‍ എല്ലാവരും വെള്ളം കുടിക്കട്ടേ’. നടി പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.നടിയുടെ പരാതിയില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp