ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ട് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.
അതേസമയം മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കില്‍ കുറിച്ചു. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം.