ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും

ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഗിന്നസ്സ് റെക്കോഡിനായി നൃത്ത പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അതേസമയം, ഉമാ തോമസിന് അപകടം പറ്റിയ സംഭവത്തില്‍ പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ദുര്‍ബല വകുപ്പുകള്‍ ഇട്ട് പൊലീസ് കേസെടുത്തു എന്നാണ് പരാതി. യുഡിഎഫ് ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപി പരാതി ഐജിക്ക് കൈമാറി. നിസാര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാന്‍ എന്നും ആരോപണമുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വര്‍ഗീസ് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്. സാമ്പത്തിക ഇടപാടില്‍ സിജോയ് വര്‍ഗീസിനെ പങ്കുണ്ടോ എന്ന് അന്വേഷിക്കും. അന്വേഷണസംഘം നടനെ വിളിച്ചു വരുത്താനും ആലോചിക്കുന്നു.

അതേസമയം, ഉമാ തോമസ് കൈകാലുകള്‍ ചലിപ്പിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ നിന്ന് കണ്ണുതുറക്കാന്‍ ശ്രമം ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍ ആശാവഹമായ പുരോഗതിയെന്നാണ് വിലയിരുത്തല്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp