നിയമസഭാ സാമാജികർക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. വിചാരണ വേഗത്തിലാക്കാൻ സ്വമേധയാ നടപടികൾ ആരംഭിക്കണമെന്ന് ഹൈക്കോടതികളോട് നിർദ്ദേശം. കേസുകൾ തീർപ്പാക്കുന്നത് നിരീക്ഷിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ചുമതലപ്പെടുത്തി.
പൊതുപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കുന്നതിനും കുറ്റവാളികളെ നിയമനിർമ്മാണ, എക്സിക്യൂട്ടീവ്, ജുഡീഷ്യൽ ബോഡികളിൽ നിന്ന് ആജീവനാന്തം വിലക്കുന്നതിനും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. എന്നാൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി ഹൈക്കോടതികൾക്ക് നടപടി സ്വീകരിക്കാമെന്നും ബെഞ്ച് പറഞ്ഞു. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബെഞ്ചുകൾക്ക് ചുമതല നല്കണം. ആവശ്യമെങ്കിൽ അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബെഞ്ചിന് തേടാമെന്നും കോടതി.