എംവിഡി നോട്ടീസ് അയച്ചിട്ടും ഇതുവരെ പിഴ അടച്ചില്ലേ ? കാത്തിരിക്കുന്നത് വമ്പൻ പണി

കോട്ടയം: വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവർക്ക് കൈമാറും. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കോട്ടയത്ത് കണ്ടെത്തിയത് 3.11 ലക്ഷം നിയമലംഘനങ്ങൾ. ഇവയിൽ നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും ഇതുവരെ പിഴയടച്ചിട്ടില്ല. ഇത്തരത്തിൽ പിഴയടയ്ക്കാത്ത വാഹന ഉടമകളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്.

നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ നോട്ടീസ് കോടതിയിൽ കൈമാറും. അവിടെ നിന്ന് വാഹന ഉടമയ്ക്ക് സന്ദേശം അയയ്ക്കും. പിഴയൊടുക്കാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ രജിസ്‌ട്രേഷൻ പുതുക്കാനോ സാധിക്കില്ല. മോട്ടോർ വാഹനവകുപ്പിൽ നിന്ന് തുടർസേവനങ്ങളും ലഭിക്കില്ല.

ജില്ലയിൽ 44 കാമറകളാണുള്ളത്. ഇതിന് പുറമേ എ.ഐ കാമറ ഘടിപ്പിച്ച മോട്ടോർ വാഹനവകുപ്പിന്റെ വാഹനവും റോഡുകളിൽ പരിശോധനയ്ക്കുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള പിഴയും ഇതേവിഭാഗത്തിലാണ് ഉൾപ്പെടുക. തെള്ളകത്തെ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസിലാണ് ദൃശ്യങ്ങളിൽ തുടർനടപടി. അതേസമയം ക്യാമറകൾ സ്ഥാപിച്ച ശേഷം നിയമലംഘനങ്ങൾ കുറഞ്ഞതായാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.

ഹെൽമറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹനയാത്രയാണ് നിയമലംഘനങ്ങളിൽ ഏറെയും. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചവർക്കും പണികിട്ടി. അമിതവേഗതയ്ക്കും നോട്ടീസ് കിട്ടിയവരും ഏറെയാണ്. സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ രണ്ടിലേറെ പേരുടെ യാത്ര എന്നിവയും ക്യാമറ ഒപ്പിയെടുത്തു.

3,11,342 നിയമലംഘനങ്ങൾ ആണ് ജില്ലയിൽ നടന്നത്. 26 ശതമാനം കേസുകളിൽ പിഴയടച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകടമരണ നിരക്കിൽ കുറവ് വന്നിട്ടുണ്ട്. നിയമലംഘകർ ഇടറോഡുകളിലേയ്ക്ക് കൂടുതലായി ചേക്കേറി എന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp