അനുഗ്രഹീത സംഗീതജ്ഞനായ എ ആർ റഹ്‌മാൻ്റെ മകൾ ഖദീജ റഹ്‌മാൻ സംഗീത സംവിധായികയാവുന്നു. ഗായിക കൂടിയായ ഖദീജ ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിൽ, ഗൗരവ് കലൈ, പ്രവീൺ കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റെക്കോർഡിംഗിനിടെ ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹാലിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഏറെ കഴിവുറ്റ ഖദീജ റഹ്‌മാനൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഗംഭീര ഗായികയും സംഗീത സംവിധായികയുമാണ്.’- ഹാലിത തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
എആർ റഹ്‌മാന്റെയും സൈറാബാനുവിന്റെയും മൂത്തമകളായ ഖദീജ, 2010ലെ രജനി ചിത്രം ‘എന്തിരനി’ൽ ‘പുതിയ മനിതൻ’ എന്ന ഗാനം ആലപിച്ചിട്ടുണ്ട്. പിന്നീട് വിവിധ പാട്ടുകൾ പാടിയ ഖദീജ ഇക്കൊല്ലമിറങ്ങിയ പൊന്നിയിൻ സെൽവനിലും പാടിയിട്ടുണ്ട്.