എക്സിറ്റിലൂടെ പ്രവേശിച്ച യുവാവിനെ സഹോദരിയെയും ആക്രമിച്ച് സ്ഥലവാസി. ബെംഗളൂരുവിലാണ് സംഭവം. പുറത്തേക്ക് പോവേണ്ട ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ച തന്നെ സ്ഥലവാസി ആക്രമിച്ചെന്ന് കാട്ടി സഞ്ചിത് കുമാർ എന്നയാൾ ട്വിറ്ററിൽ വിഡിയോ പങ്കുവച്ചു. ഇയാളുടെ തലയിൽ നിന്ന് രക്തമൊഴുകുന്നതും വിഡിയോയിൽ കാണാം.
രക്തമൊഴുകുന്ന തൻ്റെ തല പൊത്തിപ്പിടിച്ചുകൊണ്ട് സ്ഥലവാസിയോട് സംസാരിക്കുന്ന സഞ്ചിതിൻ്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. സുഭാഷ് അല്മേൽ എന്നയാൾ തന്നെ ആക്രമിച്ചു എന്ന് സഞ്ചിത് കുമാർ പറയുന്നു. മെയ് 16ന് രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സഞ്ചിതും സഹോദരിയും സ്കൂട്ടിയിൽ വീട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവിലെ ഹരാലൂരിലുള്ള ലേക്ഡ്യൂ റെസിഡൻസിയിലാണ് ഇവർ താമസിക്കുന്നത്. പുറത്തേക്ക് പോകാൻ ഒരു ഗേറ്റും അകത്തേക്കുവരാൻ മറ്റൊരു ഗെയിറ്റുമാണ് ഉള്ളത്. സംഭവ ദിവസം അകത്തേക്ക് പ്രവേശിക്കുന്ന റോഡ് പൊളിഞ്ഞുകിടക്കുകയായിരുന്നു. സ്കൂട്ടി മറിയാൻ സാധ്യതയുണ്ടെന്ന് തോന്നിയതിനാൽ പുറത്തേക്കിറങ്ങാനുള്ള വഴിയിലൂടെ ഇവർ അകത്തുകയറി.
ഇവർ തെറ്റായ വഴിയിലൂടെ അകത്തുകയറുന്നത് കണ്ട സുഭാഷ് ഇവരോട് ദേഷ്യപ്പെട്ടു. തുടർന്ന് നിർബന്ധപൂർവം ഇവരോട് മറ്റേ ഗേറ്റിലൂടെ വരാൻ നിർബന്ധിച്ചു. സഞ്ചിത് വാഹനം തിരിച്ചപ്പോഴേക്കും ഇയാൾ സ്കൂട്ടിയുടെ ഹാൻഡിലിൽ പിടിച്ച് തള്ളി. ഇതോടെ സ്കൂട്ടിയും സഞ്ചിതും നിലത്തുവീണു. തുടർന്ന് ഇയാൾ സഞ്ചിതിൻ്റെ മുഖത്തിടിച്ചു. ഇതോടെ സഞ്ചിതിൻ്റെ മുഖത്തുനിന്ന് രക്തം വരാൻ തുടങ്ങി. പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചു. പുരികത്തിനു മുകളിൽ പരുക്കേറ്റ തനിക്ക് സർജറി ചെയ്തു എന്നും സഞ്ചിത് പറഞ്ഞു.